കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തില്‍ നിര്‍മിച്ച മുഴുവന്‍ തൂണുകളിലും പരിശോധനയ്ക്ക് നീക്കം. പത്തടിപ്പാലത്തെ തൂണിന് ചെരിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. ഇതിനിടെ പത്തടിപ്പാലത്തെ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നാല്‍പത്തിയഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് കെ.എം.ആര്‍.എല്‍ അറിയിച്ചു
കൊച്ചി മെട്രോയുടെ ആലുവ മുതല്‍ പാലാരിവട്ടംവരെയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിച്ചത്. ഈ ദൂരത്തില്‍ ആകെ 509 തൂണുകളിലാണ് മെട്രോ റെയില്‍ പാളങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. നിര്‍മാണക്കരാറുണ്ടായിരുന്ന എല്‍ ആന്‍ഡ് ടി തന്നെയാണ് നിര്‍മാണം നടത്തിയതും. പതിവ് പരിശോധനയ്ക്കിടെയാണ് പത്തടിപ്പാലത്ത് റെയില്‍പാളത്തിന് നേരിയ വ്യതിയാനം കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 347 ാം നമ്പര്‍ തൂണിന് ചെരിവുള്ളതായി കണ്ടെത്തി. തൂണിന്റെ പൈലുകള്‍ പാറയില്‍ ഉറപ്പിക്കാതിരുന്നതായിരുന്നു പ്രശ്നം. നിര്‍മാണത്തിലും മേല്‍നോട്ടത്തിലുമടക്കം വീഴ്ചയുണ്ടായെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യഘട്ടത്തിലെ മുഴുവന്‍ തൂണുകളും പരിശോധനാ വിധേയമാക്കാന്‍ കെ.എം.ആര്‍.എല്‍ തീരുമാനിച്ചിരിക്കുന്നത്.